2018ലെ ഒരു വീഡിയോയും കഥയും ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. മുട്ടയിടുന്ന ഇന്തോനേഷ്യൻ ബാലന്റെ കഥയാണിത്. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ ആ കുട്ടി 20 മുട്ടകൾ ഇട്ടതായി കുട്ടിയുടെ കുടുംബം അവകാശപ്പെടുന്നു. കഠിനമായ വയറുവേദനയോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ആശുപത്രി കിടക്കയിൽ മുട്ടയിടുന്ന വീഡിയോയാണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്. അതിനുശേഷം നടന്ന അന്വേഷണത്തെക്കുറിച്ച് വിശദാംശങ്ങൾ നൽകാതെ ഈ "അത്ഭുതം" പല അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്തു.
വീഡിയോയിലെ സംഭവങ്ങൾ നടന്നെങ്കിലും കഥ വ്യാജമാണ്.
ആ കുട്ടിയുടെ പേര് അക്മൽ, വിചിത്രമായ ഈ സംഭവം ഇന്തോനേഷ്യയിലെ ഗോവയിലാണ് നടന്നത്. ആൺകുട്ടി മുട്ടയിടുന്നത് കണ്ട് ഡോക്ടർമാർ അത്ഭുതപ്പെട്ടു, പക്ഷേ അന്വേഷണത്തിൽ ഇത് വെറും ഒരു കോഴി മുട്ടയാണെന്ന് കണ്ടെത്തി. മെഡിക്കൽ വിദഗ്ധർ ഒരു കോഴി മുട്ട മനുഷ്യന്റെ ഉള്ളിൽ ഉദ്ഭവിക്കാൻ ഒരു സാധ്യതയും ഇല്ല എന്ന് പറയുന്നു. ഇത് കുട്ടിയുടെ ഉള്ളിൽ ബോധപൂർവം ആരെങ്കിലും കെട്ടിയതാകാം എന്ന് അവർ സംശയിക്കുന്നു. എക്സ്റേകൾ കുട്ടിയുടെ മലാശയത്തിൽ മുട്ട കാണിക്കുകയും ചെയ്തു.
ആശുപത്രി വക്താവ് മുഹമ്മദ് തസ്ലിം പറഞ്ഞു: “മുട്ടകൾ മനപൂർവ്വം അക്മലിന്റെ മലാശയത്തിലേക്ക് കൊണ്ടിട്ടതാണെന്നാണ് ഞങ്ങളുടെ സംശയം(express.co.uk). മുട്ട വിഴുങ്ങുകയോ മകന്റെ ശരീരത്തിൽ ബലമായി കയറ്റിയതോ ആണെന്നുള്ള വാദം അക്മലിന്റെ പിതാവ് നിഷേധിച്ചു. അത് “അമാനുഷികത” ആണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
ഒരാളുടെ ശരീരത്തിൽ വിദേശ വസ്തുക്കളുടെ സാന്നിധ്യം ഉള്ള അവസ്ഥയ്ക്ക് “corpus alienum” എന്ന് പറയുന്നു. ഇത് പ്രകാരം ആണ് ഡോക്ടർമാർ അസുഖം രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ ശരീരത്തിൽ ആരെങ്കിലും നിർബന്ധിച്ച് മുട്ടകൾ കയറ്റിയിട്ടുണ്ടെങ്കിൽ, അത് കുട്ടികൾക്ക് എതിരെയുള്ള കുറ്റകൃത്യമായി സംശയിക്കാവുന്നതിനാൽ കേസ് അന്വേഷിക്കാൻ ഗോവ പോലീസ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ (പിപിഎ) ഒരു ടീമിനെ അയച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ 7 മുട്ടയിട്ടതായി പറഞ്ഞ് 2015 ൽ വാർത്ത നൽകിയ അതേ കുട്ടിയാണ് അക്മൽ. മനുഷ്യ മലാശയത്തിൽ കോഴിമുട്ട കണ്ടെത്തിയതിൽ ഡോക്ടർമാർ അന്ന് അത്ഭുതപ്പെട്ടു.
മുട്ടയിടാനുള്ള കഴിവുണ്ടെന്നു അവകാശപ്പെടുന്ന ആദ്യത്തെ ഇന്തോനേഷ്യൻ അല്ല അക്മൽ. 2014 ജൂണിൽ, നോർത്ത് സുലവേസിയിൽ നിന്നുള്ള സാന്ദ്രാ റൗഫ് എന്ന 29 കാരി അഞ്ച് മുട്ടകൾക്ക് "പ്രസവം നൽകി" എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അവൾ ഒരു മിസ്റ്റിക്ക് ഹീലറായി ജോലി ചെയ്യുന്നുണ്ടെന്നും അവളുടെ തൊഴിലിന്റെ പ്രചാരണത്തിനായി യോനിയിൽ മുട്ടകൾ കയറ്റിയതാണെന്നും പോലീസ് കണ്ടെത്തി. 2014 നവംബറിൽ 62 കാരനായ എങ്‌കോങ് നെയിം 1988 മുതൽ താൻ മുട്ടയിടുകയാണെന്ന് അവകാശവാദം ഉന്നയിച്ചു. മുട്ട ശേഖരം കാണാൻ താൽപ്പര്യമുള്ള ആളുകളിൽ നിന്ന് പണം സ്വരൂപിക്കുന്നതിനുള്ള ഒരു തന്ത്രം മാത്രമായിരുന്നു ഇത്(indonesiaexpat)